Movies
കാന്താര സിനിമയിലെ ഹിന്ദു ദൈവങ്ങളെ വികലമായി അനുകരിച്ച് മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിൽ നടൻ രൺവീർ സിംഗിനെതിരെ കേസ്. ബംഗളൂരു പോലീസാണ് കേസെടുത്തത്. കാന്താര സിനിമയിലെ ചാമുണ്ഡി ദൈവത്തെ വികലമായി അനുകരിച്ചെന്ന് ചൂണ്ടിക്കാട്ടിയുള്ള പരാതിയിലാണ് കേസെടുത്തത്.
ഗോവ രാജ്യാന്തര ചലച്ചിത്രമേളയുടെ സമാപനവേദിയിൽ കാന്താര: എ ലെജൻഡ് ചാപ്റ്റർ വൺ ചിത്രത്തിലെ നായകൻ ഋഷഭ് ഷെട്ടിയുടെ പ്രകടനത്തെ രൺവീർ അനുകരിച്ചിരുന്നു.
ഋഷഭിന്റെ മുന്നിൽ വച്ചായിരുന്നു രൺവീറിന്റെ അനുകരണം. സിനിമയിൽ പ്രതിപാദിക്കുന്ന പഞ്ചുരുളി ദൈവത്തെ വികലമായി അവതരിപ്പിക്കുകയും ചാമുണ്ഡി ദൈവത്തെ പെൺപ്രേതം എന്ന് വിശേഷിപ്പിക്കുകയും ചെയ്തു എന്ന് കാണിച്ചാണ് രൺവീറിനെതിരെ പരാതി നൽകിയിരിക്കുന്നത്. ബംഗളൂരുവിൽ പ്രവർത്തിക്കുന്ന അഭിഭാഷകനായ പ്രശാന്ത് മെത്തൽ ആണ് പരാതി നൽകിയത്.
ദൈവത്തെ വികലമായി അനുകരിക്കരുത് എന്ന് ചിത്രത്തിന്റെ സംവിധായകൻ കൂടിയായ ഋഷഭ് ഷെട്ടി അഭ്യർഥിച്ചിട്ടും രൺവീർ അനുകരണം തുടർന്നുവെന്നും പരാതിയിൽ ആരോപിക്കുന്നുണ്ട്.
കർണാടകയിലെ പരമ്പരാഗത ഭൂതക്കോല ആചാരങ്ങളിൽ വിശ്വസിക്കുന്ന വ്യക്തിയാണ് താനെന്നും ചാമുണ്ഡി തന്റെ കുടുംബദേവതയാണെന്നും പരാതിക്കാരൻ പറയുന്നു. രൺവീർ ബോധപൂർവം ചെയ്തതാണെന്നും മതവിശ്വാസം വ്രണപ്പെടുത്താൻ വേണ്ടി ചെയ്തതാണെന്നും പ്രശാന്ത് മെത്തൽ ആരോപിച്ചു.
Movies
ആദിത്യ ധർ സംവിധാനം ചെയ്ത ധുരന്ധർ ബോക്സ് ഓഫീസ് ഹിറ്റായതോടെ രൺവീർ സിംഗ് തന്റെ കരിയറിലെ ശ്രദ്ധേയമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്.
എന്നാൽ അതിനിടിയിൽ ഫർഹാൻ അക്തർ ഒരുക്കുന്ന ഡോൺ 3യിൽ നിന്നും താരം പിൻമാറിയതായാണ് സൂചന.
ധുരന്ധറിന്റെ വൻവിജയത്തോടെ അടുത്തതായി താൻ ഏതു തരം സിനിമകൾ ചെയ്യണമെന്ന് അദേഹത്തിന് വ്യക്തമായ ധാരണയുണ്ടെന്നും സഞ്ജയ് ലീല ബൻസാലി, ലോകേഷ് കനക രാജ്, ആറ്റ്ലി എന്നിവരുമായി സഹകരിക്കാൻ താത്പര്യം ഉണ്ടെന്നും നടൻ പറഞ്ഞതായാണ് റിപ്പോർട്ടുകൾ.
അതേസമയം തുടർച്ചയായി ഗ്യാംഗ്സ്റ്റർ സിനിമകളിൽ അഭിനയിക്കാൻ താത്പര്യകുറവുണ്ടെന്നും രൺവീർ വ്യക്തമാക്കി. ധുരന്ധർ പുറത്തിറങ്ങിയ ഉടൻ തന്നെ രൺവീർ ഡോൺ 3 ചിത്രത്തിന്റെ ഒരുക്കങ്ങൾ ആരംഭിച്ചിരുന്നു.
Movies
ആമിർ ഖാന്റെയും രൺവീർ സിംഗിന്റെയും അഭിനയത്തെ വിമർശിച്ച് നടനും നിർമാതാവുമായ വിപിൻ ശർമ.
ആമിറിനെയും രൺവീറിനെയും മെത്തേഡ് ആക്ടേഴ്സ് എന്നു വിളിക്കാനാകില്ലെന്നും എല്ലാവർക്കും ഓരോ രീതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. താരെ സമീൻ പർ എന്ന ചിത്രത്തിലുടെ പ്രശസ്തനാണ് വിപിൻ ശർമ്മ.
ധൂം 3 യിലെ ആമിറിന്റെ അഭിനയം മികച്ചതായിരുന്നെന്നും എന്നാൽ ലഗാൻ എന്ന സിനിമായിൽ ആമിർ വ്യത്യസ്ഥമായി അഭിനയിച്ചുവെങ്കിലും അതിനെ മെത്തേഡ് ആക്ടിംഗ് എന്ന് വിളിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
പത്മാവത് സിനിമയിൽ അലാവുദ്ദീൻ ഖൽജിയായി അഭിനയിച്ച രൺവീർ സിംഗ് പിന്നീട് ആ കഥാപാത്രത്തിൽ നിന്നും പുറത്തിറങ്ങാൻ ഒരുപാട് സമയം എടുത്തു എന്നു പറഞ്ഞിരുന്നു. അതിനെ മെത്തേഡ് ആക്ടിംഗ് എന്നു വിളിക്കാൻ സാധിക്കില്ലെന്നും അത് ആ കഥാപാത്രം ചൊലുത്തിയ സ്വാധീനം മാത്രമാണെന്നും വിപിൻ പറഞ്ഞു.
ഇന്ത്യയിൽ മെത്തേഡ് ആക്ടേസ് ഇല്ല. ഒരു മാസംകൊണ്ട് മെത്തേഡ് ആക്ടിംഗ് ചെയ്യാൻ കഴിയുകയുമില്ല. പാശ്ചാത്ത്യ രാജ്യങ്ങളിലെ അഭിനേതാക്കൾ ഒരു മാസമെടുത്താണ് മെത്തേഡ് ആക്ടിഗ് പഠിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Movies
ചലച്ചിത്രാസ്വാദകർ ആഘോഷമാക്കിയ ധുരന്ധറിന്റെ മഹാവിജയത്തിന് ശേഷം ബോളിവുഡ് സൂപ്പര്‍താരം രണ്‍വീര്‍ സിംഗ് സോംബി ത്രില്ലറിനായി ഒരുങ്ങുന്നു. പത്തു ദിവസത്തിനുള്ളില്‍ 500 കോടിയിലേറെ കളക്ഷന്‍ പിന്നിട്ട 'ധുരന്ധ'റിനു ശേഷം രണ്‍വീര്‍ സിംഗ് തിരക്കിലേക്കു കടക്കുകയാണ്.
ഇതിനു പുറമെ അണിയറയില്‍ ബ്രഹ്മാണ്ഡചിത്രങ്ങള്‍ ഒരുങ്ങുന്നതായാണ് ബോളിവുഡില്‍നിന്നുള്ള റിപ്പോര്‍ട്ട്. മെഗാ ബജറ്റ് തെലുങ്ക് ചിത്രത്തിനായി ഡേറ്റ് നല്‍കിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. സോംബി ത്രില്ലറിനായി മുംബൈയില്‍ ഹംഗര്‍ ഗെയിംസ്-സ്റ്റൈല്‍ ലൊക്കേഷന്‍ സജ്ജമാക്കാന്‍ നിര്‍മാതാക്കള്‍ ഒരുങ്ങി.
ജയ് മേത്ത സംവിധാനം ചെയ്യുന്ന സോംബി ത്രില്ലറിലാണ് അദ്ദേഹം അടുത്തതായി അഭിനയിക്കുന്നത്. 2026 ജൂലൈ-ഓഗസ്റ്റില്‍ ആരംഭിക്കാന്‍ ഷെഡ്യൂള്‍ ചെയ്ത ചിത്രം, മുംബൈയുടെ സാമൂഹികവും വൈകാരികവും ധാര്‍മികവുമായ തകര്ച്ചയ്ക്കിടയിലുള്ള അതിജീവനത്തെ ഇതിവൃത്തമാക്കുന്നു.
കുറഞ്ഞ പ്രമോഷനുകള്‍ ഉണ്ടായിരുന്നിട്ടും ധുരന്ധര്‍ ബോക്സ്ഓഫീസ് തൂത്തുവാരി മുന്നേറുന്ന സമയത്താണ് പുതിയ ചിത്രത്തിന്റെ വാര്‍ത്തകള്‍ ആരാധകര്‍ ആഘോഷമാക്കിയത്. 1992 ദി ഹര്‍ഷദ് മേത്ത സ്റ്റോറി എന്ന ഹിറ്റ് ചിത്രത്തിന്റെ സഹസംവിധായകനായ ഹന്‍സല്‍ മേത്തയുടെ മകനാണ് ചിത്രം സംവിധാനം ചെയ്യുന്ന ജയ് മേത്ത. ഡോണ്‍ 3 പൂര്‍ത്തിയാക്കിയതിനുശേഷമാണ് സോംബി ത്രില്ലറിനുവേണ്ടി രണ്‍വീര്‍ ഒരുങ്ങുക.
സോംബി ത്രില്ലറിനായി മുംബൈ നഗരത്തിന്റെ വലിയ ഭാഗങ്ങള്‍ ഡിജിറ്റല്‍ രീതിയില്‍ പുനഃസൃഷ്ടിക്കും. അതു സിനിമയ്ക്ക് വലിയ ആകര്‍ഷണമാകും. ഇതിനായുള്ള അന്വേഷണങ്ങളും പഠനങ്ങളും അണിയറക്കാര്‍ ആരംഭിച്ചു. അതേസമയം, ഏതു കാലഘട്ടമാണ് പുനഃസൃഷ്ടിക്കുക എന്നത് അണിയറക്കാര്‍ പുറത്തുവിട്ടിട്ടില്ല.
ചിത്രത്തിന്റെ പ്രധാന രംഗങ്ങളെല്ലാം മുംബൈയില്‍ ചിത്രീകരിക്കും. തുടര്‍ന്ന് മറ്റ് സ്ഥലങ്ങളിലേക്ക് മാറും. ധുരന്ധര്‍ 2 - റിവഞ്ച് എന്ന ചിത്രവും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. 2026 മാര്‍ച്ച് 19 ന് തിയറ്ററുകളില്‍ എത്തിക്കാനാണ് അണിയറക്കാര്‍ ലക്ഷ്യമിടുന്നത്.
Movies
രൺവീർ സിംഗ് നായകനായ ധുരന്ദർ സിനിമയ്ക്ക് ഗൾഫ് രാജ്യങ്ങളിൽ വിലക്ക് ഏർപ്പെടുത്തി. ആദിത്യ ധർ സംവിധാനം ചെയ്ത ചിത്രത്തിന് ആറ് ഗൾഫ് രാജ്യങ്ങളിൽ പ്രദർശന വിലക്കേർപ്പെടുത്തി. ബഹ്റൈൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളിലാണ് ചിത്രത്തിന് പ്രദർശനവിലക്ക്.
സ്പൈ–ആക്ഷൻ ത്രില്ലർ ചിത്രമായ ധുരന്ദറിലെ പാക്കിസ്ഥാൻ വിരുദ്ധ പരാമർശത്തെ തുടർന്നാണ് ചിത്രത്തിന് വിലക്കേർപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്. വിജയക്കുതിപ്പ് തുടരുന്നതിനിടെയാണ് ഗൾഫ് രാജ്യങ്ങളിൽ ചിത്രത്തിന് അപ്രതീക്ഷിത തിരിച്ചടി നേരിട്ടത്. സാമ്പത്തികമായും വലിയ ആഘാതമാകും സിനിമയുടെ നിർമാതാക്കൾ നേരിടേണ്ടി വരിക.
ഫൈറ്റർ, സ്കൈ ഫോഴ്സ്, ദ് ഡിപ്ലോമാറ്റ്, ആർട്ടിക്കിൾ 370, കശ്മീർ ഫയൽസ് എന്നീ ചിത്രങ്ങള്‍ക്കും പാക്കിസ്ഥാൻ വിരുദ്ധത ആരോപിച്ച് ഗൾഫിൽ പ്രദർശനവിലക്ക് നേരിട്ടിരുന്നു.
ഹൃത്വിക് റോഷൻ – ദീപിക ചിത്രമായ ഫൈറ്റർ യുഎഇയിൽ റിലീസ് ചെയ്തെങ്കിലും പിന്നീട് ചില ദൃശ്യങ്ങൾ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ നിർദേശിച്ച മാറ്റങ്ങൾ വരുത്തിയിട്ടും ചിത്രത്തിന് പിന്നീട് പ്രദർശനാനുമതി നൽകിയില്ല.